Thursday, October 2, 2008

നഗരത്തിലെ നാഴികമണി

തിരക്കാണെന്നും തിരക്കാണ്‌
തിരക്കാണെനിക്കെന്നും
നഗരമേ തിരക്കാണ്‌.
ആറുനാൾ കാത്തിട്ടു നീയാർക്കോ-
നീട്ടിയവെള്ളിയാഴ്ചയിൽ
ദുഃഖം ചടഞ്ഞിരിപ്പാണ്‌.

ഉഷ്ണരാശിയിൽ കണ്ണീർ തിളയ്ക്കുമ്പോൾ,
വിളയറ്റ പാടങ്ങളിൽ കണ്ണീരുറയുമ്പോൾ
കിനാക്കളിൽ ചോപ്പുചേർക്കും
വാഗ്ദത്തമൊരു നല്ലനാളിനായ്‌-
തുടികൊട്ടി പാട്ടുപാടാൻ
എനിക്കില്ല നേരം, തിരക്കാണ്‌.

തങ്ങളിൽ വംശങ്ങൾ മരണം കൊയ്യുന്ന തെരുവുകളിൽ.
അന്തമില്ലാതലയും ഘടികാരസൂചി ഞാൻ
അന്യർക്കുവേണ്ടി ആർക്കോവേണ്ടി കറങ്ങിത്തളർന്ന്,
കൃത്യമിടവേളകളിൾ കിതയ്ക്കുമ്പോൾ ചുമയ്ക്കുമ്പോൾ
എന്നാത്മാവിൻ പ്രകമ്പനങ്ങൾ നഗരമേ നിൻ നേരമളക്കും-
നാഴിക മണിയൊച്ചകൾ, വെറും മണിയൊച്ചകൾ..

നഗരമേ.. വിധി തൻ മരക്കുരിശേന്തുന്നു ഞാൻ.
അതിൽ ദുരിത സൂചകങ്ങൾ തറച്ചു തിരിയ്ക്കുന്നു നീ;
എന്റെ വിതുമ്പലുകൾ വിനാഴികകളാകുന്നു
വിലാപങ്ങൾ ആത്മാവിൽ വീണുടയുന്നു.
ഉഷ്ണം തിളയ്ക്കും ഉച്ചകളിൽ ഇറ്റുവറ്റില്ല നീരില്ലുറക്കമില്ല.
ഉണ്ണാത്ത വയറിനായി ഉരിയാടുമേതു വേദാന്തം?

മനഃസാക്ഷി വിഷച്ചോര തുപ്പുന്ന നഗരമേ
ധർമ്മ ഘടികാരനിലകൾ മിഴിപൂട്ടുമ്പോഴും,
നഗര ദുരിത ഘടികാര സൂചകങ്ങൾ കുതിയ്ക്കുന്നു.
നിന്റെ നാൽക്കവലയിൽ കർമ്മനിരതനായ്‌ നിൽക്കുന്നു ഞാൻ,
എങ്കിലും കൺതുറന്നൊന്നു നോക്കാനെനിക്കില്ല നേരം.
തിരക്കാണെനിക്കു നഗരമേ തിരക്കാണ്‌.

എന്നിൽ തറച്ച സൂചകം ചുടുചോര തുപ്പുന്നു
സമയപ്പെരുവഴിയിൽ ആധി പെരുകുന്നു
മധുരം നുകർന്നും പകർന്നും ചിരിക്കുന്നു-
പ്രണയ ശലഭങ്ങൾ പൂഞ്ചിറകു വീശുന്നു.
എങ്കിലും കൺതുറന്നൊന്നു നോക്കാനില്ല നേരം.
തിരക്കാണെനിക്കു നഗരമേ തിരക്കാണ്‌.

തിരക്കാണെന്നും, നഗരമേ തിരക്കാണ്‌
കാലങ്ങളിൽ കറങ്ങിത്തിരിഞ്ഞ്‌ ഒരുനാളെന്നിലെ-
ജീവനെ ചിതലരിക്കുവോളം തിരക്കായിരിക്കും,
എനിക്കും നിനക്കും നഗരമേ തിരക്കായിരിക്കും.
എങ്കിലും മറക്കാതിരിക്കുക നീയെന്നെ,
നഗരമേ മറക്കാതിരിക്കുക.. മറക്കാതിരിക്കുക..

(സന്തോഷ്‌ പെരുനാട്‌ )

3 comments:

സന്തോഷ്‌ പെരുനാട്‌ said...

പ്രവാസ നാളുകളുടെ നീണ്ട വഴികളിൽ കണ്ടു മറന്ന മുഖങ്ങൾക്കും,
കേട്ടു മറന്ന വാക്കുകൾക്കും,
മൂക സ്മാരകങ്ങളായ
ജീവിതങ്ങൾക്കും....

സന്തോഷ്‌ പെരുനാട്‌ said...

നഗരത്തിലെ നാഴികമണി

സന്തോഷ്‌ പെരുനാട്‌ said...

ദു:സ്വപ്നങ്ങൾ
--------------

പട്ടണങ്ങൾ .... പട്ടണങ്ങൾ
പൈതൃകം കിട്ടിയ നന്മകളുടെ പട്ടടകൾ.

നേരമെന്ന നൂലിൽ തിരക്കോടെ -
കൊരുത്ത മുത്തുകൾ,
പിന്നിട്ട വഴിനീളെ ഞാൻ വിട്ടെറിഞ്ഞ പാഴ്കിനാക്കൾ
വിടരാതെ വാടിയ മൊട്ടുകൾ
തൊണ്ടയിൽത്തന്നെ മരിച്ച-
ജാതകം പിറക്കാത്ത വിലാപങ്ങൾ,
ശൂലം തീണ്ടി മരിച്ച ബീജശാപങ്ങൾ.
ദു:സ്വപ്നങ്ങളുടെ ഇരുണ്ട പാദങ്ങളിൽ-
നമസ്കരിച്ചുയരാത്ത ശാസ്ത്ര ശിരസ്സുകൾ.

കാലത്തിന്റെ അഗ്നിച്ച്ചിറകുകൾക്ക് -
പറന്നെത്താനാകാത്ത,
മെഴുകു മിനുങ്ങുന്ന കയറുകൾക്ക്
തൂങ്ങിയാടാനാകാത്ത, നാഴികകളുടെ
ഇരുട്ടുനാളികൾ അവസാനിക്കുന്നിടത്ത്
തുടങ്ങുന്ന വെളിച്ചത്തിന്റെ മഹാനാളമേ
നിന്റെ നിറമെന്ത്?
കറുപ്പോ അതോ വെളുപ്പോ !

നിറങ്ങളുടെ സങ്കലനം സ്വപ്നമാകുമ്പോൾ
നിറങ്ങളുടെ ശൂന്യത മരണമാകുന്നു.
കറുപ്പും വെളുപ്പും തമ്മിലലിഞ്ഞ്‌ നീതിയായി
പട്ടടയിലെരിയുന്നു,
ഒരു കറുത്ത ശീല സ്വപ്നങ്ങളെ ശല്യപ്പെടുത്തുന്നു...
ഉറക്കത്തിൽ നിന്നുണർത്തി സ്വപ്നം കാണാൻ വിളിക്കുന്നു !